കൊച്ചി: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് തട്ടിപ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവിനെ ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ പത്തിന് ശേഷമാണ് എന്‍.എം. രാജുവും ഭാര്യയും കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് രണ്ടരക്കോടി രൂപ നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് നിഷേധിച്ചിരുന്നു.
ആന്റോ ആന്റണി എംപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടുകോടി രൂപ വാങ്ങിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചെന്നും രാജു വെളിപ്പെടുത്തിയിരുന്നു. അതേസമയം, നിക്ഷേപ തട്ടിപ്പു കേസില്‍ രണ്ടു വര്‍ഷമായി നെടുംപറമ്പില്‍ ഫിനാന്‍സിനെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. നിക്ഷേപകരുടെ തുക ഉപയോഗിച്ച് രാജുവും കൂട്ടരും ഭൂമി വാങ്ങിയതായി ഇഡി കണ്ടെത്തിയിരുന്നു.
2014ല്‍ എന്‍.എം. രാജുവിനെയും ഭാര്യ ഗ്രേസിനയും മക്കളായ അലന് ജോര്‍ജിനെയും അന്സന് ജോര്‍ജിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024 ജൂലൈ മുതലാണ് ഈ തട്ടിപ്പില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് തന്ത്രിക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നത്.